അമേരിക്കയിൽ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം

അമേരിക്കയിൽ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബം കൊല്ലപ്പെട്ടു. അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിലാണ് അപകടമുണ്ടായത്. ഹൈദരാബാദ് സ്വദേശി ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, ഇവരുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. ശ്രീ വെങ്കട്ടും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ ദിശ തെറ്റിവന്ന ഒരു മിനി ട്രക്ക് ഇടിക്കുകയായിരുന്നു.
അവധിക്കാലം ആഘോഷിക്കാനായാണ് നാലംഗ സംഘം അമേരിക്കയിൽ എത്തിയത്. ബന്ധുക്കളെ സന്ദർശിച്ച ശേഷം അറ്റലാന്റയിൽ നിന്ന് ഡാലസിലേക്ക് തിരികെ പോവുകയായിരുന്നു ശ്രീ വെങ്കട്ടും കുടുംബവും. അപകടത്തെ തുടർന്ന് കാറിന് തീപിടിച്ചതിനെ തുടർന്നാണ് യാത്രക്കാർ വെന്തുമരിച്ചത്. മൃതദേഹങ്ങൾ കത്തിതിരിഞ്ഞതിനാൽ തിരിച്ചറിയാൻ ശാസ്ത്രീയമായ പരിശോധനകൾ വേണ്ടി വരും. നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു.











